യോഗ മനസും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതിൽ മനസിനും ശരീരത്തിനും ഒരുപോലെ പങ്കുണ്ട്. മനുഷ്യ മനസും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്ന വ്യായാമ മുറയാണ് യോഗ. തലമുറകളായി കൈമാറികിട്ടിയ യോഗാഭ്യാസത്തിനു ഈ അടുത്തകാലത്താണ് അർഹമായ പരിഗണനയും പ്രാധാന്യവും ലഭിച്ചു തുടങ്ങിയത്. 5000 വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ഋഷിവര്യന്മാരാണ് ശരീരത്തെയും മനസിനെയും സമചിത്തതയോടെ നിലനിർത്തുന്നതിന് സഹായിക്കുന്ന യോഗാ മുറകൾ ചിട്ടപ്പെടുത്തിയെടുത്തത്. കാലങ്ങൾക്കിപ്പുറം പുതു തലമുറയിലെ ആളുകൾ യോഗയുടെ പ്രാധാന്യം തിരിച്ചറിയുകയും അത് ജീവിതശൈലിയുടെ ഭാഗമാക്കി കൂടെ കൂട്ടാനും തയ്യാറാവുന്നുണ്ട്.
ഏത് പ്രായത്തിലുള്ളവർക്കും എവിടെയിരുന്നും യോഗ ചെയ്യാമെന്നത് പ്രത്യേകതയാണ്. വൃത്തിയുള്ളതും ശുദ്ധവായു ലഭിക്കുന്നതുമായ ഏതൊരുസ്ഥലവും യോഗ ചെയ്യുന്നതിന് അനുയോജ്യമാണ്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. പതിവായി യോഗ ചെയ്യുകയാണെങ്കിൽ മനസും ശരീരവും ഓജസ് നിറഞ്ഞതാവും, ജീവിതത്തിലെ എല്ലാ വശങ്ങളിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്യും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ച് ചെയ്യാൻ കഴിയുന്ന യോഗാ മുറകൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. പൊതുവെ ആരോഗ്യക്കുറവും അവശതകളുമുള്ള ഒരാൾക്ക് കഠിനമായ യോഗാമുറകൾ ചെയ്യാൻ പ്രയാസം അനുഭവപ്പടാം. ശരീരത്തിന് അമിത ആയാസം വരാത്ത മറ്റ് യോഗാസനങ്ങൾ സ്വീകരിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാം.
ഒരാളുടെ ആരോഗ്യനില എല്ലാ തരത്തിലും മെച്ചപ്പെടുത്തകുകയും ജീവിതശൈലിയിലെ പിശകുകൾ മൂലം ഉണ്ടായേക്കാവുന്ന പലതരത്തിലുള്ള രോഗങ്ങളെ അകറ്റിനിർത്താനും യോഗ ജീവിതത്തോട് ചേർത്ത നിർത്തുക വഴി സാധിക്കും. കൃത്യമായ ശ്വസന രീതിയാണ് യോഗയിലെ ആദ്യ പാഠം. വളരെ ആരോഗ്യകരമായ ശ്വസന രീതി സ്വീകരിക്കുന്നതിനായി ശരീരത്തിലെ ഓക്സിജൻ നിലവർദ്ധിപ്പിയ്ക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യാൻ സാധിക്കും. പ്രാണായാമം പോലുള്ള അടിസ്ഥാന ശ്വസനവ്യായാമങ്ങൾ ചെയ്യുന്നത് ശ്വാസകോശത്തെ അവയുടെ പൂർണ്ണശേഷിയിൽ നിറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായി ശ്വാസകോശത്തിന് പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. അനാവശ്യമായ പിരിമുറുക്കങ്ങളിൽ നിന്ന് പുറത്തുകടക്കാനും ജീവിതത്തിൽ ശുഭാപ്‌തിവിശ്വാസത്തോടെ മുന്നോട്ട് പോകാനും യോഗ സഹായിക്കുന്നു. പിരിമുറുക്കങ്ങൾ ഇല്ലാതാകുമ്പോൾ ഉറക്കം സുഗമമാകും.