പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങള്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനത്തിലുറച്ച് ആരോഗ്യവകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടിടങ്ങളിലെയും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നതില്‍ അവിടെയുള്ള ഡോക്ടര്‍മാരും പ്രതിഷേധത്തിലാണ്.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജിലേക്ക് ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജനറല്‍ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന തടസവാദം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും തമ്മില്‍ നിലവിലുള്ള തൊഴില്‍-സേവന വ്യവസ്ഥകളടക്കം പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ തീരുമാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജനറല്‍ ആശുപത്രിയുടെ ബി ആന്‍ഡ് സി ബ്ലോക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറല്‍ സര്‍ജറി, ഇഎന്‍ടി എന്നീ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളെയാണ് കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.