കോഴിക്കോട് : ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് സ്വന്തം വകുപ്പു ഭരിക്കേണ്ട കാര്യത്തില്‍ യാതൊരു പിടിയുമില്ലെന്ന ആക്ഷേപം കുറച്ചുകാലമായി ശക്തമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വകുപ്പില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത് വളരെ പതിയെയാണ്. ഇതാകട്ടെ മൊത്തത്തില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി ആരോഗ്യ വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥ കാരണം മരുന്നു ക്ഷാമത്തിലേക്കാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നീങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ടെന്‍ഡര്‍ നടപടികള്‍ 3 മാസത്തോളം വൈകുകയും മരുന്നിന് 30 കോടിയോളം രൂപ അധികം നല്‍കേണ്ടിവരികയും ചെയ്യുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളെ കാത്തിരിക്കുന്നത് കടുത്ത മരുന്നുക്ഷാമമാണ്. 3 ആഴ്ചത്തേക്കുള്ള മരുന്നു മാത്രമാണ് സ്റ്റോക്കുള്ളതെന്നാണ് ചൂണ്ടിക്കാട്ടുന്ന കാര്യം.
പഞ്ഞി, പിപിഇ കിറ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം എന്നിവയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) വെയര്‍ഹൗസില്‍ ശേഷിക്കുന്നത്. സുലഭമായി മരുന്നു ലഭിക്കുന്ന സാഹചര്യമല്ലെന്നും സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ളിടത്തേക്കു നല്‍കി തല്‍ക്കാലം പിടിച്ചുനില്‍ക്കണമെന്നുമാണ് കെഎംഎസ്സിഎല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നവംബറില്‍ തുടങ്ങുന്ന ടെന്‍ഡര്‍ നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യപാദത്തില്‍ മരുന്നു വിതരണം ആരംഭിക്കുന്നതാണ് കെഎംഎസ്സിഎലിലെ പതിവ്. എന്നാല്‍, 202223 ലേക്കുള്ള 754 അവശ്യമരുന്നുകളുടെയും 85 സ്‌പെഷ്യല്‍റ്റി മരുന്നുകളുടെയും ടെന്‍ഡര്‍ അന്തിമമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.
30 കോടിയോളം രൂപ സര്‍ക്കാര്‍ അധികം ചെലവഴിക്കണം എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും ടെന്‍ഡറിലുണ്ട്. ഇതെല്ലാം തരണം ചെയ്ത് ഓര്‍ഡര്‍ നല്‍കിയാലും ജൂലൈ പകുതിയോടെ മാത്രമേ വിതരണം നടക്കുകയുള്ളൂ. കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പണം നല്‍കിയിട്ടില്ല എന്നതാണു മറ്റൊരു പ്രശ്‌നം. ക്ഷാമം വരുമ്പോള്‍ ‘കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി’ വഴി ഉയര്‍ന്ന വിലയ്ക്ക് മരുന്നു വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്. ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍, ഗുളിക, രക്തസമ്മര്‍ദ, പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ എന്നിവയുടെ സ്റ്റോക്ക് ശുഷ്‌കമാണ്. പേവിഷ വാക്‌സീന്‍ തീര്‍ന്നു. നോര്‍മല്‍ സലൈന്‍ 3 ലക്ഷം കുപ്പി മാത്രമാണുള്ളത്. ഓരോ മാസവും 5 ലക്ഷം കുപ്പിയാണു വേണ്ടത്. ലാക്ടേറ്റ് 1.5 ലക്ഷവും ഡിഎന്‍എസ് ഒരു ലക്ഷവും മാത്രം ബാക്കി. കുട്ടികള്‍ക്കുള്ള സിറപ്പും ഗുളികയും ഇല്ല. ശസ്ത്രക്രിയാ നൂലും ശസ്ത്രക്രിയയ്ക്കു ശേഷം കഴിക്കേണ്ട വേദനസംഹാരിയും കുറവ്.
അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ക്രമീകരണങ്ങള്‍ നടത്താനാണ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മൂന്നംഗ ‘ക്രിട്ടിക്കല്‍ സപ്ലൈ ചെയിന്‍ കണ്‍ട്രോള്‍’ ടീമിനും രൂപം നല്‍കിയിട്ടുണ്ട്.സ്റ്റോക്ക് പരിശോധിച്ച്, കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നു കുറവുള്ളിടത്തേക്കു മാറ്റാനാണു ഡിഎംഒമാര്‍ക്കു നല്‍കിയ നിര്‍ദ്ദേശം. മൊത്തത്തില്‍ കണക്കെടുക്കുമ്ബോള്‍ 37 % മരുന്നു സ്റ്റോക്ക് ഇപ്പോഴും ഉണ്ടെന്നാണു കോര്‍പറേഷന്‍ വാദം. എന്നാല്‍ ഇതില്‍ അവശ്യമരുന്നുകള്‍ പലതും ഇല്ലെന്ന കാര്യവും സമ്മതിക്കുന്നു. അവശ്യമരുന്നുകള്‍ക്കു ഗുരുതരക്ഷാമം നേരിട്ടാല്‍ ‘കാരുണ്യ’ ഫാര്‍മസി വഴി വാങ്ങി നല്‍കാനാണു തീരുമാനം. ഇതോടൊപ്പം ഈ സാമ്ബത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ഓര്‍ഡര്‍ നല്‍കിയാലുടന്‍ 10% സ്റ്റോക്ക് അടിയന്തരമായി എത്തിക്കണമെന്നും കമ്ബനികള്‍ക്കു നിര്‍ദ്ദേശം നല്‍കും.
മരുന്നുകള്‍ ഉപയോഗിക്കുന്ന മുറയ്ക്ക് കെഎംഎസ്സിഎലിന്റെ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ വന്ന പിഴവാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം എന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഡോക്‌സിസൈക്ലിന്‍ പോലുള്ള മരുന്നുകള്‍ ചില ആശുപത്രികളില്‍ ഒന്നര ലക്ഷത്തോളം ഡോസ് സ്റ്റോക്ക് ഇരിക്കുമ്പോള്‍ മറ്റിടങ്ങളില്‍ തീരെ ഇല്ല. പേവിഷ വാക്‌സീന്‍ പൂര്‍ണമായി തീര്‍ന്നതിനു ശേഷമാണു മിക്ക ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.മരുന്നുവിതരണത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ചില ആഭ്യന്തര ക്രമീകരണങ്ങളാണു നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരുന്നിന് ക്ഷാമം ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ തലത്തില്‍ തന്നെ പ്രായോഗിക പരിഹാരം കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിലെ വീഴ്‌ച്ചയാണ് ഇപ്പോഴത്തെ മരുന്നു ക്ഷാമത്തിന് വഴിവെച്ചിരിക്കുന്നത്.