ശബരിമല : ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുവാദം നല്‍കണമെന്ന് മന്ത്രിയും ദേവസ്വം ബോര്‍ഡും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ആരോഗ്യ വകുപ്പ്. ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ ആരോഗ്യവകുപ്പിന് ഉണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കണമോ എന്നതില്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ അനുകൂല റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കൂ.
മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. സന്നിധാനത്ത് രണ്ടുപേര്‍ക്കും. നിലവില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ശബരിമല ദര്‍ശനം നടത്തുന്നതെന്ന് പത്തനംതിട്ട ഡി.എം.ഒ. പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ വന്നു. നിലയ്ക്കലില്‍ കോവിഡ് പരിശോധന നടത്താന്‍ ആറ് യൂണിറ്റ് ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സംവിധാനം മതി. പക്ഷേ കൂടുതല്‍ പേര്‍ വന്നാല്‍ പരിശോധനയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വേണ്ടിവരും. വരുന്ന എല്ലാവര്‍ക്കും നിലയ്ക്കല്‍ തന്നെ പരിശോധന നടത്തുക പ്രായോഗികമല്ല.
പകരം തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ പരിശോധന നടത്തിവരുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് നല്‍കുന്നുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ദര്‍ശനത്തിന് വരുന്നവരുടെ എണ്ണം തീരുമാനിക്കുന്നത്. സമിതി യോഗം ചേര്‍ന്നാല്‍ മാത്രമേ ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനം ഉണ്ടാവൂ. ആരോഗ്യവകുപ്പ് എതിര്‍ത്താല്‍ നിലവിലെ സ്ഥിതി തുടരും. ദര്‍ശനത്തിന് വരുന്നവരുടെ എണ്ണം ഒറ്റയടിക്ക് കൂട്ടുന്നതിന് ആരോഗ്യവകുപ്പ് അനുകൂലമല്ല. അത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നതിനെ ആരോഗ്യവകുപ്പ് എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു.