പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായതിനെ തുടർന്ന് രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ ആറന്മുള മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമ്മൂട് ആവശ്യപ്പെട്ടു. തകരാറിലായി രണ്ടാഴ്ച കഴിഞ്ഞിട്ടും ആശുപത്രിയിലെ ലിഫ്റ്റുകൾ നന്നാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാർട്സുകൾ ലഭ്യമല്ലാത്തതിനാൽ പുതിയ ലിഫ്റ്റുകൾ സ്ഥാപിക്കുകയാണ് പരിഹാരമാർഗ്ഗമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി 65 ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫണ്ട് ലഭ്യമാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ നടപടിയെടുക്കണം.
മലയോര ജില്ലയായ പത്തനംതിട്ടയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ്. ജനറൽ ആശുപത്രിയുടെ മൂന്നാം നിലയിലാണ് ഓപ്പറേഷൻ തിയറ്ററുള്ളത്. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യവും ഇല്ല. ആവശ്യത്തിന് സ്ട്രെച്ചറുകളും ഇല്ല. അടിയന്തരമായി ഓപ്പറേഷൻ തിയറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗികളെയും തുണിയിൽ പൊതിഞ്ഞെടുത്ത് ജീവനക്കാരും ബന്ധുക്കളും ചേർന്ന് എടുത്തു കയറ്റേണ്ട അവസ്ഥയാണ്. സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റു വഴിയില്ല. ഇതിന് ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ അവർ വരുന്നതും കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ആരോപണമുണ്ട്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.