തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിക്ക് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കോവിഡ് മൂലമുള്ള അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് തിരികെ ജോലിക്കെത്താൻ നിർദ്ദേശം നൽകിയത്.
ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കരണങ്ങളാൽ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം. ഏഴ് ദിവസത്തിനുള്ളിൽ ഇവർ ജോലിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് പൂന്തുറയിൽ സൂപ്പർ സ്പ്രെഡായതോടെ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ആശങ്ക. സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ കോവിഡ് പടരുന്നുവെന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലീസ് അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
മാണിക്യവിളാകത്തും വലിയ പള്ളിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങൾ പോലും കിട്ടാനില്ല. തൊട്ടടുത്ത കടകളിൽ പോയി സാധനം വാങ്ങാൻ പോലീസ് അനുമതി നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇതാണ് വാക്കേറ്റത്തിനും പോലീസിനെതിരായ പ്രതിഷേധങ്ങൾക്കും എല്ലാം കാരണമായത്.
അടുത്തടുത്ത് ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. അവശ്യ സാധനങ്ങളോ അത്യാവശ്യ ചികിത്സയോ പോലും കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം.