നമ്മുടെ പറമ്പുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യമാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഒന്നുകൂടിയാണ് ഈ സസ്യം. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു ചെടി കൂടിയാണ് ഇത്. പണ്ടത്തെ ആൾക്കാർ കണ്മഷി ഉണ്ടാക്കിയെടുക്കാൻ ഈ സസ്യത്തിന്റെ ഇല ഉപയോഗിച്ചിരുന്നു. ഈ സസ്യത്തിന് ക്യാൻസർ കോശത്തെ നശിപ്പിക്കാൻ കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ക്യാൻസർ രോഗത്തെ തുരത്താനുള്ള മരുന്ന് കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ഇന്ന് നമ്മുടെ ആരോഗ്യ ലോകം. ഔഷധ നിർമാണത്തിനായി ഇന്ത്യയിൽ പൂവാംകുറുന്തൽ ഇന്ന് കൃഷി ചെയ്യുന്നുണ്ട്.
ബീറ്റാ അമിറിൻ അസിറ്റേറ്റ്, ലൂപ്പിയോൾ അസിറ്റേറ്റ്, ബീറ്റാ അമിറിൻ ലൂപ്പിയോൾ, തുടങ്ങി നിരവധി രാസഘടകങ്ങൾ വിവിധ അളവുകളിൽ ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. ചെങ്കണ്ണ് ബാധിച്ചാൽ ചന്ദനവും പൂവാംകുറുന്തലും അരിഞ്ഞ് പനിനീരിലിട്ട് ഒരു രാത്രി കഴിഞ്ഞ് കണ്ണിലൊഴിച്ചാൽ മതിയാവും. പൂവാംകുറുന്തൽ, തുമ്പപ്പൂവ്, തുളസിയില, പാവട്ടത്തളിര് ഇവ അരച്ച് ഗുളികയാക്കി കുട്ടികൾക്ക് നൽകുകയാണെങ്കിൽ പനി, ജലദോഷം എന്നിവ കുറയും. മലേറിയക്കും ഈ ഇല മികച്ച ഔഷധമാണ്. ജീരകവും കൂടി അരച്ച് ചേർത്ത് വേണം കഴിക്കാൻ. തേൾവിഷത്തിനും മൂത്രതടസത്തിനും ഈ ഇലഉണക്കി കഴിക്കുന്നത് നല്ലതാണ്. പൂവാംകുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ കുന്തിരിക്കവും കുരുമുളകും ചേർത്ത് വെളിച്ചെണ്ണ കാച്ചി തേച്ചു കുളിക്കുന്നത് ടോൺസിലിറിസിനു കുറവ് വരുത്തും.