മുംബൈ : ഡെലിവറി വിഭാഗം ജീവനക്കാർക്ക് കോവിഡ് ഇൻഷുറൻസുമായി ഇ കൊമേഴ്സ് കമ്പനികൾ. ഫ്ലിപ്‌കാർട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോൺ എന്നീ കമ്പനികളുടേതാണ് തീരുമാനം. ഡെലിവറി ജീവനക്കാർ, പ്രാദേശിക കച്ചവടക്കാർ, വിതരണ ശൃംഖലയിലെ അനുബന്ധ കമ്പനികൾ എന്നിവർക്കാണ് ആരോഗ്യ സുരക്ഷയും വേതന സംരക്ഷണവും ഉറപ്പാക്കുന്നത്.
ഭൂരിഭാഗം സ്ഥാപനങ്ങളും 50000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളാണ് തങ്ങളുടെ ജീവനക്കാർക്കായി ഏറ്റെടുത്തിരിക്കുന്നത്. പേ റോളിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക.
ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പത്ത് ലക്ഷത്തിലേറെ പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് 1.2 ലക്ഷം പേർക്കാണ് ആരോഗ്യ പരിരക്ഷ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോണിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചാൽ 14 ദിവസം ശമ്പളത്തോടെ അവധി ലഭിക്കും. 25 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പദ്ധതിയും ആമസോൺ ഏറ്റെടുത്തിട്ടുണ്ട്.