പത്തനംതിട്ട : സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ അടിയന്തിരമായി ആരംഭിക്കണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി ആവശ്യപ്പെട്ടു. നിലവിൽ ഈ സംവിധാനം കോന്നി മെഡിക്കൽ കോളജിൽ ഉപയോഗിക്കാൻ കഴിയാത്തത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാവുന്നു. ജില്ലയിലെ രോഗികൾ ചികിത്സ തേടി ഏറെയും ആശ്രയിച്ചിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ്. എന്നാൽ നവീകരണത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതോടെ കിടത്തി ചികിത്സയ്ക്ക് നിയന്ത്രണം വന്നു.
സമീപ പ്രദേശങ്ങളിൽ നിലവിൽ കോന്നി മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സ ലഭ്യമായിട്ടുള്ളത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളിൽ ഭൂരിഭാഗവും സാധാരണക്കാരും നിർധനരുമാണ്. അതുകൊണ്ടുതന്നെ കോന്നി മെഡിക്കൽ കോളേജ് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്നിന് പണമില്ലാതെ നട്ടം തിരിയുകയാണ്. പുറത്തുനിന്ന് മരുന്ന് വാങ്ങാൻ വലിയ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. ഈ പ്രതിസന്ധിക്ക് ആരോഗ്യവകുപ്പ് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.