ന്യൂഡല്‍ഹി : കാവടിയാത്രയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിനാണ് മതവികാരത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാവടിയാത്ര നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കാനാവില്ലെന്ന് കേന്ദ്രവും നിലപാടെടുത്തു.
കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത നിലനില്‍ക്കേ യു.പി. സര്‍ക്കാര്‍ കാവടിയാത്രയ്ക്ക് അനുമതി നല്‍കിയതില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ് വെള്ളിയാഴ്ച പരിഗണിച്ചത്. യാത്ര അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഗംഗാജലം ടാങ്കറുകളില്‍ എത്തിച്ച് നല്‍കിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.
യു.പി. സർക്കാർ തീരുമാനം പുനഃപരിശോധിക്കുമോ അതോ തങ്ങൾ ഉത്തരവിറക്കണോയെന്ന് സുപ്രീംകോടതി ചോദിച്ചു. യാത്ര അനുവദിക്കാനാവില്ലെന്ന കാര്യം നൂറുശതമാനം ഉറപ്പാണെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി. തുടർന്ന് തീരുമാനമെടുക്കാൻ യു.പി. സർക്കാരിന് സമയം നൽകിയ കോടതി കേസ് തിങ്കളാഴ്ചത്തേക്കുമാറ്റി.
കോവിഡ് വ്യാപന സാധ്യത മുൻനിർത്തി കാവടിയാത്രയ്ക്ക് നൽകിയ അനുമതി കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ അനുമതി നൽകിയപ്പോഴാണ് സുപ്രീംകോടതി ഇടപെട്ടത്.
ശിവഭക്തർ വർഷത്തിലൊരിക്കൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗംഗോത്രി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് കാൽനടയായി എത്തി ഗംഗാജലവുമായി മടങ്ങുന്നതാണ് കാവടിയാത്ര. ഹരിദ്വാർ ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് കാവടിയാത്രാസീസണിലുണ്ടാകാറുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഇടപെട്ടത്.