ഭക്ഷണം കഴിക്കുന്നത് കൈകള്‍ കഴുകിയാണ്. എന്നാല്‍ കൈകള്‍ മാത്രം കഴുകിയാല്‍ പോര കീടാണുക്കള്‍ ഏറ്റവും കൂടുതല്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണ്. 2021ല്‍ നടത്തിയ പഠനത്തില്‍ നഖത്തിനടയില്‍ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് കൈ വിരലുകളിലെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് പല രോഗങ്ങളെയും അകറ്റി നിര്‍ത്തുക എന്നതിന് സമാനമാണ്. കൈവിരലുകളുടെ നഖങ്ങള്‍ നീട്ടി വളര്‍ത്തി പലനിറത്തിലുള്ള നെയില്‍ പോളിഷ് തേച്ച് മനോഹരമാക്കുക എന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ നീളം കൂടിയ നഖങ്ങളില്‍ അഴുക്കും ബാക്ടീരിയയിലും അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
അതുകൊണ്ട് നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നഖങ്ങള്‍ വെട്ടുമ്പോള്‍ ചര്‍മ്മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. കൈകള്‍ കഴുകുന്നതിനൊപ്പം നഖങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാന്‍ മടികാണിക്കരുത്. അതുപോലെ നഖങ്ങള്‍ ഇടയ്ക്കിടയ്ക്ക് കടിക്കുന്ന ശീലവും മാറ്റാം. നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നഖങ്ങളിലും പ്രതിഫലിക്കും. കരള്‍, ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ തകരാര്‍ നഖങ്ങളുടെ നിറത്തിനും ഘടനയ്ക്കും മാറ്റം വരുത്താം. അത് ഒരുപക്ഷെ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം.