തൃശ്ശൂർ : കൊറോണ വൈറസ് ബോധവത്കരണ പരിപാടികള്‍ക്ക് ആരോഗ്യ സര്‍വകലാശാല വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരുലക്ഷം മെഡിക്കല്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതിനായി ആരോഗ്യ സര്‍വകലാശാലയില്‍ ദേശീയ അന്തർദേശിയ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബോധവത്കരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമായത്. സർവകലാശാലക്ക് കീഴിലുള്ള ഒരു ലക്ഷം വിദ്യാർഥികളെയും 18,000 അധ്യാപകരെയും 312 കോളേജുകളെയും ബോധവത്കരണത്തിനായി ഉപയോഗിക്കും.
ജനങ്ങളെ ബോധവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. വെറ്റിനറി സര്‍വകലാശാലയുടെ സഹകരണത്തോടെയായിരിക്കും പരിപാടി നടപ്പിലാക്കുക. പ്ലാനിങ് ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചെയർമാനുമായ ഡോ.ബി ഇക്ബാൽ നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ പ്രതിനിധി ഡോ.ഷൗക്കത്ത് അലി തുടങ്ങിയവര്‍ പങ്കെടുത്തു.