ദില്ലി: ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ. ബിഹാറിലും യുപിയിലുമായി തീവ്ര ഉഷ്ണതരംഗത്തില്‍ ഇതുവരെ മരിച്ചത് 98 പേരാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. ഉത്തര്‍പ്രദേശില്‍ 54 പേരും ബിഹാറില്‍ 44 പേരുമാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്.
60 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ അധികവും. ജൂണ്‍ 15ന് 23 പേരും ജൂണ്‍ 16ന് ഉച്ചവരെ 11 പേരും മരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച 10 പേര്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച 10 മരണങ്ങള്‍ കൂടി ബല്ലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച, ബല്ലിയ ജില്ലയില്‍ രേഖപ്പെടുത്തിയ പരമാവധി താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 44 എണ്ണത്തില്‍ തലസ്ഥാനമായ പട്നയില്‍ മാത്രം 35 പേരാണ് മരിച്ചത്. 19 പേര്‍ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും (എന്‍എംസിഎച്ച്) പിഎംസിഎച്ച് ആശുപത്രിയില്‍ 16 പേരും മരിച്ചതായാണ് കണക്കുകള്‍.