മയ്യഴി : മാഹിയിൽ നവംബർ 15ന് സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ ബസുകൾക്ക് നികുതിയിൽ ഇളവ് നൽകാത്തതിനു പുറമെ നികുതി വൈകിയതിനുള്ള 100 ശതമാനം പിഴയും ഈടാക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം.
കോവിഡിനെത്തുടർന്ന് രണ്ടുവർഷത്തോളം സ്കൂൾ പൂട്ടിയ കാലത്ത് കട്ടപ്പുറത്തായ ബസുകൾക്കാണ് മാഹിയിൽ നികുതിയും പിഴയും ഈടാക്കുന്നത്. കേരളത്തിൽ ഈ കാലയളവിൽ വെറും മൂന്നുമാസത്തെ നികുതിമാത്രം ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്.
40 സീറ്റുകളുള്ള ഒരു സ്കൂൾ ബസിന് രണ്ടുവർഷത്തേക്ക് 16,000 രൂപയും അത്രതന്നെ തുക പിഴയും അടയ്ക്കണമെന്നാണ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ മാഹിയിൽ സ്കൂൾ ബസുകൾ സർവീസ് നടത്തുന്ന കാര്യം പരുങ്ങലിലാവും. ട്രാൻസ്പോർട്ട് വകുപ്പിലെ ഡ്രൈവിങ് ലൈസൻസുൾപ്പെടെയുള്ള സേവനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളൊന്നും പുതുച്ചേരി സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.