തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ചാം തിയ്യതി വരെയാണ് മുന്നറിയിപ്പുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 -3 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണിത്.
പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും എൽനിനോ വർഷമായതുമാണ് കടുത്ത ചൂടിന് വഴിയൊരുക്കിയത്. രണ്ട് മാസത്തിലേറെയായി സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്നുണ്ട്. ഇനി വേനൽ മഴ പെയ്താൽ മാത്രമേ അതിന് ശമനമുണ്ടാകൂ. അതേസമയം, ഉച്ചയ്ക്ക് 11- മണി മുതൽ മൂന്ന് മണി നേരിട്ട് വെയിലേൽക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും ജനങ്ങളോട് അധികൃതർ നിർദേശിക്കുന്നുണ്ട്.