പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം. മലയോര മേഖലകളിലെ മണ്ണില്‍ ഗണ്യമായ അളവില്‍ ജലാംശം വര്‍ധിച്ചതിനാല്‍, റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിലും മറ്റ് താലൂക്കുകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലേക്കും കുന്നിന്‍ചെരിവുകളിലേക്കും അനാവശ്യ യാത്ര ഒഴിവാക്കണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മുന്‍കൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ നിര്‍ബന്ധമായും മാറണം.
പുഴകള്‍, തോടുകള്‍, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും വിനോദസഞ്ചാരത്തിനായി പോകുന്നതും പൂര്‍ണമായി ഒഴിവാക്കണം. വീടിന്‍റെ പിന്നിലോ സമീപത്തോ വിള്ളല്‍, മണ്ണിടിച്ചിലിന്‍റെ ലക്ഷണങ്ങള്‍, ജലം കലങ്ങിയൊഴുകല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ കാര്യാലയം / ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ എന്നിവരെ അറിയിക്കണം. അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകള്‍, കെ.എസ്.ഡി.എം.എ/ ജില്ല ഭരണകൂടം എന്നിവയുടെ മാധ്യമങ്ങള്‍ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ കൃത്യമായി പിന്തുടരണം.
സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുത്. അടിയന്തര ഘട്ടങ്ങളില്‍ ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 / 04682322515 എന്നിവയില്‍ ബന്ധപ്പെടണം. ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്ക് തലത്തിലും റവന്യൂ, തദ്ദേശസ്വയംഭരണ, പോലീസ്, ഫയര്‍ ആന്‍റ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനും ആവശ്യമെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


























