റാന്നി: ശനിയാഴ്ച ഉച്ചകഴിഞ്ഞു പെയ്ത പെരുമഴയെ തുടർന്നുണ്ടായ കുത്തിയൊലിപ്പിൽ മലയോര മേഖലകളിലാകെ കനത്ത നാശനഷ്ടം. മണിക്കൂറുകളോളം നിന്നു പെയ്ത മഴയിലാണ് തോടുകളിൽ നിന്നും മറ്റും വെള്ളമുയർന്ന് റോഡുകളും വീട്ടുമുറ്റവും എല്ലാം മുങ്ങിയത്. അത്തിക്കയം കരണം കുത്തിത്തോട് നിറഞ്ഞൊഴുകി മടന്തമൺ ആറാട്ടുമൺ ഭാഗത്ത് വീടുകളിൽ വെളളം കയറി. പേമരുതി തോട് കരകവിഞ്ഞ് ചെത്തോങ്കര – അത്തിക്കയം റോഡിലെ കക്കുടിമൺ ജംഗ്ഷനിൽ വെള്ളമെത്തി.
പെരുമഴയിൽ അത്തിക്കയം – ചെത്തോങ്കര റോഡിൽ അത്തിക്കയം ടൗണിന് മുകൾഭാഗത്ത് റോഡ് സൈഡിലെ കെട്ടിടിഞ്ഞതോടെ ഇവിടെ സ്ഥാപിച്ചിരുന്ന ഇടി താങ്ങിയുടെ നിലനിൽപ്പു തന്നെ അപകടത്തിലായി. ഇവിടെ റോഡു ഭാഗത്ത് വലിയ കൊക്കയാണ്. ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ വൻ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. റാന്നി ഭാഗത്ത് ചെത്തോങ്കരയിൽ തോടു കവിഞ്ഞ് റോഡിലും പാലത്തിലും വെള്ളമെത്തുന്ന സാഹചര്യമുണ്ടായി. എസ്.സി സ്കൂള്‍പടി, മാടത്തുംപടി, ചെല്ലക്കാട്, മന്ദമരുതി, പള്ളിപ്പടി തുടങ്ങിയിടങ്ങളില്‍ വെള്ളം സംസ്ഥാനപാതയിലും കയറി.
രണ്ടു മണിക്കൂർ നീണ്ടുനിന്ന മഴയിൽ തോടുകളും നീർച്ചാലുകളും നിറഞ്ഞൊഴുകുകയായിരുന്നു. ചെല്ലക്കാട് നിന്ന് കൈതവനപടി വഴി സ്റ്റോറും പടിയിലെത്തുന്ന റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുനലൂർ-മൂവാറ്റുപുഴ പാതയിൽ മന്ദമരുതിക്കും ചെല്ലക്കാടിനും മധ്യേ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഉയർന്ന കട്ടിങ്ങിൽ നിന്നിരുന്ന റബർ മരങ്ങളടക്കമാണ് പിഴുതു വീണത്. റോഡിൽ കിടന്ന കല്ലും മണ്ണും കോന്നി പ്ലാച്ചേരി പാത നിർമാണം കരാറെടുത്ത കമ്പനി നീക്കി. കെട്ടിടം നിർമ്മിക്കാനായി മണ്ണു നീക്കിയതിനോടു ചേർന്ന കട്ടിങ്ങാണ് ഇടിഞ്ഞ് കടമുറിക്കു മുകളിലും താഴെയുമായി വീണത്.
ചെത്താങ്കര വലിയതോട് കര കവിഞ്ഞ് താഴ്ന്നയിടങ്ങളിൽ വെള്ളം കയറി.
പുനലൂർ-മൂവാറ്റുപുഴ പാതയിൽ മക്കപ്പുഴ മുതൽ മന്ദമരുതി വരെ ഓട കരകവിഞ്ഞ് സമീപ വീടുകളിലെല്ലാം വെള്ളം കയറി. റോഡിൽനിന്ന് വീടുകളിലേക്കും മുറ്റങ്ങളിലേക്കും വെള്ളം കുത്തിയൊലിക്കുകയായിരുന്നു. മന്ദമരുതി കണ്ണങ്കര സാബു തോമസിന്റെ വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. വാഷിങ് മെഷീൻ, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയവ നശിച്ചവയിൽപെടും. മന്ദമരുതി പള്ളിപടി ബിജുവിന്റെ ശബരി ഹോട്ടലിൽ ഭാഗികമായി വെള്ളം കയറി. ബിജുവിന്‍റെ ഫര്‍ണിച്ചര്‍ പണി ശാല പൂര്‍ണ്ണമായും വെള്ളത്തിലാണ്.
റാന്നി ഇട്ടിയപ്പാറ ടൗൺ മേഖലയും ഉതിമൂട്ടിലും റോഡും കവിഞ്ഞ് വെള്ളമൊഴുകിയതു മൂലം മണിക്കൂറിലേറെ വാഹന ഗതാഗതത്തെ ബാധിച്ചു. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ താഴ്ന്ന കടമുറികളില്‍ വെള്ളം കയറി. വലിയതോടു കര കവിഞ്ഞ് ചെട്ടിമുക്ക് വലിയകാവ് റോഡിൽ പുള്ളോലി ഭാഗത്തും ചെത്താങ്കര അത്തിക്കയം റോഡിൽ ചെത്തോങ്കര ഭാഗത്തും വെള്ളം കയറി. റാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിലും വെള്ളം കയറി മൂന്നു റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ നദികളിൽ വെള്ളമുയര്‍ന്നു. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേകള്‍ മുങ്ങിയ നിലയിലാണ്. കുരുമ്പന്‍മൂഴി കോസ് വെ പെരുന്തേനരുവി തടയണ വന്നതിനു ശേഷം ചെറിയ മഴ പെയ്താല്‍ പോലും മുങ്ങുന്ന സ്ഥിതിയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.