തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് നാളെ റെഡ് അലര്‍ട്ടായിരിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
വയനാട് വൈത്തിരി താലൂക്കില്‍ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പൊഴുതനയില്‍ ക്വാറന്റീനില്‍ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയില്‍ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുത്തുമല, കള്ളാടി മേഖലകളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചാലിയാര്‍, ഇരുവഞ്ഞി പുഴകളില്‍ വെള്ളം കൂടാന്‍ സാദ്ധ്യതയുണ്ട്.
വയനാട് ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ മുന്നൂറ് മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിക്കാനാണ് സാദ്ധ്യത. നൂല്‍പ്പുഴ, പനമരം മേഖലകളില്‍ വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് 12 ക്യാമ്പുകള്‍ ആരംഭിച്ചു. മേഖലയിലെ 569 പേര്‍ നിലവില്‍ ക്യാമ്പുകളിലാണ്. കണ്ടെയ്മെന്റ് സോണിലുള്ളവരെ പ്രത്യേകം മുറികളില്‍ ആക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി . രാത്രി ഏഴ് മണി മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയം മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.