ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ മരണസംഖ്യ 37 ആയി ഉയർന്നു. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിലവിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. അതേസമയം തന്നെ ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ദേശീയപാതകൾ തകരുകയും, പ്രധാന റോഡുകളെല്ലാം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ മിക്കതും തകർന്നു.
കിന്നോർ, മാണ്ഡി, ലഹോൾ സ്പിതി ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിയാസ് നദിയിൽ അപകട നിലയ്ക്ക് മുകളിലാണ് ഇപ്പോൾ ജലം ഒഴുകുന്നത്. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ഹിമാചൽ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. ഹരിയാന പഞ്ച്കുളയിൽ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. അംബാല – ഛണ്ഡിഗഡ് ദേശീയപാതയിൽ വെള്ളം കയറി. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്റർ കടന്നു. ഹത്നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. തീരപ്രദേശത്തുള്ളവർക്ക് നിലവിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.