ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്തമഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഴക്കെടുതികളെ തുടർന്ന് അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. അതേസമയം ദുരിതബാധിതര്‍ക്കായി എത്തിച്ച കിറ്റുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും വെള്ളം കയറി. ജംഗ്പുരയിലെ വാർഡ് നമ്പർ 142ലെ ഗോഡൗണിലാണ് വെള്ളം കയറിയത്.
മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ദുരിതാശ്വാസ സഹായനിധിയില്‍ നിന്നെത്തിച്ചതായിരുന്നു കിറ്റുകള്‍. വെള്ളം കയറിയതോടെ ദുരിതബാധിതർക്ക് നൽകാൻ വെച്ചിരുന്ന കിറ്റുകൾ പൂർണമായും നശിച്ചു. സംസ്ഥാനത്തിന്റെ പലയിടത്തും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.