ദുബൈ : ഇന്ന് മുതല്‍ യുഎഇയില്‍ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ച വരെ കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് വീശുന്നത് റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്.
ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി അറിയിച്ചത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളം നിറയുന്ന വാദികളില്‍ നിന്നും മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.