കൊച്ചി: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയുടെ പലയിടത്തും നാശനഷ്ടം. നഗരത്തിലെ വിവിധയിടങ്ങൾ വെള്ളക്കെട്ടിലായി. എം.ജി റോഡ്, നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, സി.പി.ഉമ്മർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. പതിവുപോലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും വെള്ളത്തിലായി. വടക്കേക്കരയിൽ മരം വീണ് വീട് തകർന്നു. കനത്ത മഴയിൽ കാഞ്ഞിരമറ്റത്ത് വീട് ഇടിഞ്ഞു. പട്ടിമറ്റം തട്ടാമുകൾ-കിളികുളം റോഡിൽ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കളമശ്ശേരി-തച്ചംവേലിമല റോഡിന് സമീപം ഇരുനില വീടിന്റെ പിൻഭാഗവും മതിൽക്കെട്ടും ഇടിഞ്ഞു. ശനിയാഴ്ചത്തെ ശക്തമായ മഴ അതേനിലയിൽ ഇടവിട്ട് ഞായറാഴ്ചയും തുടരുകയായിരുന്നു. നഗരത്തിലെ വിവിധയിടങ്ങളിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും വഴിവെക്കുന്നുണ്ട്. നഗരത്തിലെ ഇടറോഡുകൾ, കണ്ടെയ്നര്‍ റോഡിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം നിറഞ്ഞ നിലയിലായിരുന്നു. അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വെള്ളക്കെട്ടിന് ഒരുപരിധിവരെ ശമനമുണ്ടെന്നത് ആശ്വാസകരമാണ്.