കോന്നി : ശക്തമായ മഴയിലും കാറ്റിലും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് ഗ്രാമ പഞ്ചായത്തുകളിൽ ആണ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയും റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റാർ ചാവടിയിൽ മജീദിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും സീതത്തോട് വെട്ടോലിപടിയിൽ കൈമൂട്ടിൽ ശ്യാമളയുടെ വീടിന്റെ മുകളിലേക്ക് മരം വീണ് മേൽക്കൂര തകരുകയും കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് പറക്കുളത്ത് വേങ്ങവിളയിൽ റെജിവർഗീസിന്റെ വീടിന് മുകളിലേക്ക് മരം വീഴുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. തൂമ്പാക്കുളം കൊടുംതറപുത്തൻവീട്ടിൽ തോമസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു. വകയാർ ഭാഗത്ത് മരം ഒടിഞ്ഞു വീണ് ഒരു വീടിന് നാശം സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും തണ്ണിത്തോട് ചിറ്റാർ റോഡിൽ നീലിപിലാവ് ഭാഗത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം പൂർണ്ണമായി തടസപെട്ടു. സീതത്തോട്ടിൽ നിന്നും അഗ്നിശമന രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം നീക്കം ചെയ്‌തത്. കല്ലേലി റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. കോന്നിയിൽ നിന്നും അഗ്നി ശമന രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.