തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവർഷം നേരത്തെ എത്തി. മഴക്കെടുതിയിൽ 3 പേർ മരിച്ചു. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞാണ് ഒരാൾ മരിച്ചത്. മേത്തല പടന്ന പാലക്കപ്പറമ്പിൽ സന്തോഷാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. കോഴിക്കോട് അഴിയൂരിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് തൊഴിലാളിയായ കരിയാട് സ്വദേശി രതീഷ് മരിച്ചു.
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. പല ജില്ലകളിലും ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകളും ലൈനുകളും നിലംപതിച്ചും വ്യാപക നാശമുണ്ടായി. നിരവധി വീടുകളും തകർന്നു. മലപ്പുറത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കൊച്ചിയിലും ആലപ്പുഴയിലും കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്.