ഒറ്റപ്പാലം: വേനൽ കടുത്തതോടെ കേരളത്തിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകുകയാണ്. കുടിക്കാൻ പോലും വെള്ളം ലഭിക്കുന്നില്ല. ഇപ്പോഴിതാ നിളയിലെ ചെറു നീരൊഴുക്കിനെ തടഞ്ഞ് നിർത്തി ജീവജലം കണ്ടെത്താനുള്ള പരിശ്രമങ്ങളിലാണ് തീര ജനത. ജനകീയ കൂട്ടായ്മകൾ ഒരുക്കി ഇതിനായി മണൽചാക്കുകൾ കൊണ്ട് താത്ക്കാലിക തടയണകൾ തീർക്കുകയാണ് പലയിടത്തും. നിളയിൽ സ്ഥിരം തടയണ പ്രദേശങ്ങളിൽ മാത്രമാണ് ജല ലഭ്യതയുള്ളത്. ഇത്തരം തടയണകൾക്ക് താഴെയുള്ള പുഴ പ്രദേശങ്ങൾ കടുത്ത വരൾച്ചയിലുമായി. ഇതോടെ കുടിക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കുന്ന ആയിരങ്ങൾ പ്രതിസന്ധിയിലായി.ചൂട് 40 ഡിഗ്രി പിന്നിട്ട് കുതിച്ചതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് മിക്കയിടത്തും നിലച്ചു. കുടിവെള്ള പദ്ധതികളും അവതാളത്തിലായി. നിളയുണ്ടായിട്ടും ജീവജലത്തിനായി തീര ജനത അലയേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ.
പുഴ കേന്ദ്രീകരിച്ച് വാട്ടർ അതോറിറ്റിയുടെ ജല സ്രോതസുകൾ പമ്പിംഗിന് ബുദ്ധിമുട്ടുകയാണ്. ഇതോടെയാണ് കുടിവെള്ളത്തിനായി ജനകീയ കൂട്ടായ്മയിൽ തടയണകൾ നിർമ്മിക്കുന്നത്. ഇതിനിടെ സ്ഥിരം തടയണകളിൽ നിന്ന് വെള്ളം ടാങ്കറുകളിൽ മോഷ്ടിച്ച സംഭവവും മീറ്റ്ന തടയണയുടെ ഷട്ടർ തകർത്ത് വെള്ളം ഒഴുക്കി കളഞ്ഞ സംഭവവും ഉണ്ടായി. കേസും അന്വേഷണവുമുണ്ടായി. കടുത്ത വരൾച്ച പ്രകടമായതോടെ ഭാരതപ്പുഴയുടെ തീരത്ത് ജല മോഷണമാണ് നടക്കുന്നത്.