കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്ന് ഒരു കൂട്ടം പ്രവാസികൾ. ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളാണ് തങ്ങളുടെ ആഘോഷങ്ങൾ ഒഴിവാക്കി രാജേഷിൻ്റെ കുടുംബത്തോടൊപ്പം പങ്കുചേർന്നത്. ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കായി നീക്കിവെച്ചിരുന്ന തുകയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ ചെക്ക് സംഘടനാ സെക്രട്ടറി ദീപു ചന്ദ്രൻ രാജേഷിന്റെ ഭാര്യ ഷാഫിയക്ക് കൈമാറി.
സംഘടനാ ടീം കെയര്‍ കോഡിനേറ്റര്‍ സജു ജോണ്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ഗ്രാമപഞ്ചായത്ത് അംഗം മഹേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്ന രാജേഷിന്റെ വിയോഗം കുടുംബക്കാര്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും തീരാനോവാണ്.






























