പത്തനംതിട്ട: പോക്സോ അടക്കമുള്ള ഗുരുതരമായ ലൈംഗിക ചൂഷണ കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാലര വർഷക്കാലം അടയിരുന്നിട്ട് സർക്കാരിന് ഒന്നും പൂഴ്ത്തിവെക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൗര സമൂഹത്തോടും നിയമസംഹിതയോടുമുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. സർക്കാരിനു ലഭിച്ച റിപ്പോർട്ടിൽ ലൈംഗിക ചൂഷണവും തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമവും മനുഷ്യാവകാശ, ഭരണഘടനാ പ്രശ്നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടും അതിന്മേൽ നടപടി എടുക്കാതെ അത് ‘ഷോ ക്കേസിൽ’ വെക്കാൻ മാത്രമുള്ളതാണെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമായിരിക്കുന്നു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ടായിട്ടും സ്വകാര്യതയുടെ പേര് പറഞ്ഞു മുഖ്യമന്ത്രിയും സർക്കാരും ചേർന്ന് വേട്ടക്കാർക്ക് സംരക്ഷണം ഒരുക്കുകയാണ്.
ലൈംഗിക ചൂഷണം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് തന്നെ ക്രിമിനൽ കുറ്റമാണ്. നിരവധി അവസരങ്ങളിൽ സുപ്രീംകോടതി അടക്കം നൽകിയിരിക്കുന്ന വിധി ന്യായങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഇതിനുമുമ്പ് നടന്ന സ്ത്രീപീഡനക്കേസുകളിലെല്ലാം ചെയ്തതുപോലെ ഇരകൾക്കൊപ്പമാണെന്ന് പറയുകയും വേട്ടക്കാർക്കൊപ്പം ഓടുകയുമാണ് സർക്കാർ ചെയ്യുന്നത്. മന്ത്രിസഭയിൽ അംഗമായിരിക്കുന്ന ഒരാൾക്കെതിരെ വ്യക്തമായി സൂചന നൽകുന്ന പരാമർശം റിപ്പോർട്ടിൽ ഉണ്ടായിട്ടും മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം ഇതാണ് വെളിവാക്കുന്നത്. സെറ്റുകളിൽ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണെന്നും ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണെന്നുമുള്ള റിപ്പോർട്ടിലെ കണ്ടെത്തലിന്മേൽ റിപ്പോർട്ട് ലഭിച്ചതിനുശേഷമുള്ള നാലര വർഷത്തിനുള്ളിൽ എന്ത് നടപടിയെടുത്തു എന്ന് മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കേണ്ടതല്ലേ? യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാരും ഈ കേസിൽ കൂട്ടുപ്രതിയാണെന്ന് പുതുശ്ശേരി പറഞ്ഞു.