ആറന്മുള : ദേശീയ പൈതൃക-പരിസ്ഥിതി ശില്പശാല ഡോ. എ.പി.ജെ.അബ്ദുൽകലാം സാങ്കേതികസർവകലാശാല വൈസ് ചാൻസലർ ഡോ. കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകം ചർച്ചചെയ്യുന്നതിനുമുൻപേ ഇവിടെ സുസ്ഥിരവികസനം നിലനിന്നിരുന്നതായി അദ്ദേഹം പറഞ്ഞു. ശില്പശാലയിലൂടെ നമ്മുടെ പരമ്പരയ്ക്ക് പുതിയ വെളിച്ചവും ദിശയും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. വാസ്തുവിദ്യാഗുരുകുലം ചെയർമാൻ ഡോ. ജി.ശങ്കർ അധ്യക്ഷത വഹിച്ചു. ഭൂമിക്ക് ജീവനുണ്ടെന്ന ദർശനത്തിലൂടെമാത്രമേ പരിസ്ഥിതിയും പൈതൃകവും നിലനിർത്താനാവൂ എന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യവ്യസ്ഥയിൽനിന്ന് നാം വ്യതിചലിക്കുന്നതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനം ഉൾെപ്പടെയുള്ളവ ഉണ്ടാകുന്നത്. ഭൂമി മാതാവാണെന്നും എല്ലാ വസ്തുക്കളിലും ചേതനയുണ്ടെന്നുമുള്ള കാഴ്ചപ്പാടുണ്ടാകണമെന്നും ഭൂമിയെ മുറിവേൽപ്പിക്കരുതെന്നും ജി.ശങ്കർ പറഞ്ഞു.
സുഗതകുമാരിയെ ഓർക്കുക എന്നാൽ പരിസ്ഥിതിയെ ഓർക്കുക എന്നാെണന്നും നമുക്ക് നഷ്ടപ്പെട്ടത് തിരിച്ചറിയാൻ ഭാരതീയദർശനത്തിലേക്ക് പോകണമെന്നും ശില്പശാലയിൽ ആശംസയറിയിച്ച സാഹിത്യകാരനും ഭാഷാപണ്ഡിതനുമായ എഴുമറ്റൂർ രാജരാജവർമ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സ്ഥാപിച്ച പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയുടെ ഡയറക്ടർ പ്രൊഫ. ഡോ.സത്യലക്ഷ്മി, ഇന്റർനാഷണൽ സെന്റർ ഫോർ ഫോക്‌ലോർ ആൻഡ് കൾച്ചർ ചെയർമാൻ ഡോ. വി.ജയരാജൻ, ഡോ. ബി.വേണുഗോപാൽ, രാഹുൽ ഗോസ്വാമി എന്നിവർ ആമുഖപ്രഭാഷണങ്ങൾ നടത്തി. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, അഡ്വ. എം.എൻ.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ശില്പശാലയിലെ ചർച്ചകളുടെ ക്രോഡീകരണം ഡോ. വി.പി.രാഘവൻ, കടമ്മനിട്ട രഘുകുമാർ, കാലാവസ്ഥാവ്യതിയാനകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പദ്മകുമാർ, കേരള യൂണിവേഴ്സിറ്റി പരിസ്ഥിതിവിഭാഗം ഡീൻ ഡോ. സാബു ജോസഫ്, വിനോദ് നമ്പ്യാർ, പ്രൊഫ. ശങ്കരനാരായണപിള്ള, പ്രൊഫ. രാജേഷ് എന്നിവർ പ്രഭാഷണം നടത്തി.