അഹമ്മദാബാദ് : അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കു കണ്ടെയിനറുകളുടെ കയറ്റിറക്കുമതി നവംബർ 15 മുതൽ നിർത്തിവെക്കുന്നതായി അദാനി തുറമുഖം അധികൃതർ. ഗുജറാത്തിലെ മുന്ദ്രയുൾപ്പെടെ അദാനി പോർട്സ് കൈകാര്യം ചെയ്യുന്ന എല്ലാ തുറമുഖങ്ങൾക്കും ഇതു ബാധകമാണ്. ഔദ്യോഗിക പത്രക്കുറിപ്പിൽ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞമാസം മുന്ദ്രയിൽ കണ്ടെയിനറിലെത്തിയ 3000 കിലോ മയക്കുമരുന്ന് പിടിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. അഫ്ഗാനിലെ കാണ്ഡഹാറിലുള്ള കമ്പനിയാണ് ഇറാൻ തുറമുഖത്തുനിന്ന് മുന്ദ്രയിലേക്ക് ടാൽക്കം പൗഡർ കണ്ടെയിനറുകൾ അയച്ചത്. ഇവയിൽ ഹെറോയിൻ ഒളിപ്പിച്ചിരുന്നു. ഇതേ കമ്പനി ജൂണിലും കണ്ടെയിനറുകൾ അയച്ചിരുന്നു. അവയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹെറോയിൻ കടത്തായതിനാൽ അദാനി തുറമുഖം അധികൃതർക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ വിമർശനമുയർന്നു. കണ്ടെയിനറുകളുടെ ഇറക്കുമതി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും അനധികൃത വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കുന്നത് സർക്കാർ ഏജൻസികളാണെന്നും തുറമുഖം അധികൃതർ വിശദീകരണക്കുറിപ്പും ഇറക്കി. എന്നാൽ ഭുജിലെ നാർകോട്ടിക്സ് പ്രത്യേകകോടതി മുന്ദ്ര തുറമുഖത്തെ പരിശോധനാസജ്ജീകരണങ്ങൾ അന്വേഷിക്കാൻ ഡി.ആർ.ഐ.ക്ക് ഉത്തരവു നൽകി.
തുറമുഖം അധികാരികളുടെ അറിവോടെയാണോ ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും നിർദേശിച്ചു. ഇത് അദാനിക്ക് തിരിച്ചടിയായി. അന്വേഷണച്ചുമതല ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ക്കാണ്. ഇതുവരെ ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനു കീഴിൽ നിലവിൽ പത്തു തുറമുഖങ്ങളുണ്ട്. ഇതിൽ ഏറ്റവും വലിയതാണ് മുന്ദ്രയിലേത്.