ആന്റിഗ്വ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ബാറ്റര്‍ ഹെറ്റ്‌മെയര്‍ ടീമില്‍ തിരിച്ചെത്തി. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ 31ന് നടക്കും. രണ്ടാമത്തെ മത്സരം നവംബര്‍ രണ്ടിനും അവസാനമത്സരം നവംബര്‍ ആറിനുമാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഇംഗ്ലണ്ടിനെതിരെ കളിച്ചതിന് ശേഷം ഹെറ്റ്‌മെയര്‍ ടീമിനായി കളിച്ചിട്ടില്ല. അലിക് അഥാനസേക്ക് പകരമാണ് ഹെറ്റ്‌മെയര്‍ ടീമില്‍ ഇടം പിടിച്ചത്. ഈ മാസം ആദ്യം ശ്രീലങ്കയില്‍ പര്യടനം നടത്തിയ ടീമില്‍ ഒരേഒരു മാറ്റം മാത്രമാണ് ഉള്ളത്. ഷായ് ഹോപ് ആണ് വിന്‍ഡീസിന്റെ നായകന്‍. ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച പതിനേഴുകാരന്‍ ജ്യൂവല്‍ ആന്‍ഡ്രുവും ടീമില്‍ ഇടംപിടിച്ചു. ഹെറ്റ്‌മെയറുടെ മടങ്ങി വരവ് ടീമിന് പുതിയ ഊര്‍ജം നല്‍കുമെന്ന് കോച്ച് ഡാരന്‍ സമി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണ്.
ഈ പരമ്പര കരീബീയിന്‍ ജനത വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് ഏകദിന പരമ്പര നേടിയിരുന്നു. അവരുടെ വെല്ലവിളി വിണ്ടും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും സമി പറഞ്ഞു. അതിനുപുറമെ കാണികളുടെ പിന്തുണയും ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. അടുത്ത ലോകകപ്പ് യോഗ്യത നേടുകയാണ് ലക്ഷ്യമെന്നതിനാല്‍ മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ജോസ് ബട്‌ലര്‍ ഏകദിന പരമ്പരയില്‍ കളിക്കില്ല. ലിയാം ലിവിങ്‌സ്റ്റോണാണ് ഏകദിന ടീമിന്റെ നായകന്‍.