പത്തനംതിട്ട : ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പൂര്‍ണ ഹൈടെക്ക് പ്രഖ്യാപനം ഉടന്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. എ.ഡി.എം അലക്സ് പി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല കര്‍മസമിതി യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയില്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള 927 സ്‌ക്കൂളുകളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ഉപകരണങ്ങള്‍ നല്‍കി. ജില്ലയില്‍ 1660 ഹൈടെക് ക്ലാസ് മുറികളാണ് ആകെയുള്ളത്.
സ്‌കൂളുകള്‍ക്കായി വിതരണം ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ഇങ്ങനെയാണ്-ലാപ്ടോപ്പ് 4022, പ്രൊജക്ടര്‍ 2515, എല്‍ഇഡി ടെലിവിഷന്‍ 254, മള്‍ട്ടി ഫങ്ഷന്‍ പ്രിന്റര്‍ 248, ഡിഎസ്എല്‍ആര്‍ ക്യാമറ 255, വെബ് ക്യാം 266, സ്പീക്കര്‍ 3287.
അട്ടത്തോട് ട്രൈബല്‍ എല്‍.പി സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ പട്ടികവര്‍ഗ വകുപ്പിനോട് യോഗം അഭ്യര്‍ത്ഥിച്ചു. മാനസിക സമ്മര്‍ദം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ഓണ്‍ലൈന്‍ പഠന പരിപാടി സംബന്ധിച്ച് യോഗം വിലയിരുത്തി.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ഹരിദാസ് സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വളളിക്കോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍, പത്തനംതിട്ട ഡി.ഇ.ഒ രേണുകാഭായി, എസ്.എസ്.കെ ഡി.പി.ഒ കെ.വി അനില്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സുദേവ്കുമാര്‍, പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി എക്സിക്യുട്ടീവ് എഞ്ചിനിയര്‍ പി.കെ ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.