ക്വാലാലംപൂര്‍ : കോവിഡ് 19 ചികിത്സിക്കാനുപയോഗിക്കുന്ന മലമ്പനിക്കെതിരായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചതായി മലേഷ്യ. മരുന്നിനായുളള തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നിലവില്‍ 89100 ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കാമെന്നാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നതെന്ന് മലേഷ്യന്‍ മന്ത്രി പറഞ്ഞു. 14-നാണ് ഇക്കാര്യത്തില്‍ ഇന്ത്യ അനുമതി നല്‍കിയതെന്നാണ് കമറുദ്ദീന്‍ ജാഫര്‍ പറയുന്നത്. ഇന്ത്യയില്‍നിന്ന് കൂടുതല്‍ ടാബ്ലറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ടാബ്ലറ്റുകളാണ് ഇന്ത്യയോട് മലേഷ്യ ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങള്‍. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മലേഷ്യയില്‍ 5,000ത്തില്‍ പരം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 82 പേര്‍ മരിച്ചു. മലേഷ്യയുമായി അടുത്തിടെയായി ഇന്ത്യയുടെ ബന്ധം അത്ര നല്ലതല്ല.
ലോകത്ത് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ടാബ്ലറ്റുകള്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള തലത്തില്‍ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ ഉത്പാദനം കൂട്ടിയിട്ടുണ്ട്.