ദില്ലി: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. കെ സുധാകരന് പകരക്കാരനെ സമവായത്തില്‍ കണ്ടെത്താന്‍ ചര്‍ച്ച തുടങ്ങി. ക്രിസ്ത്യന്‍ സുമാദായത്തില്‍ നിന്നുള്ളയാളെ ഇക്കുറി പരിഗണിച്ചേക്കുമെന്നാണ് സൂചന. നേതൃമാറ്റത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ തീരുമാനം പ്രഖ്യാപിക്കാനാണ് എഐസിസിയുടെ നീക്കം. ആദ്യ ഘട്ടത്തിൽ ദീപ ദാസ് മുൻഷി കേരളത്തിലെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. ഇതിലെ നിർദേശങ്ങളും തുടർ ചർച്ചകളുടെ പോക്കുമനുസരിച്ചാകും അന്തിമ തീരുമാനം. കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒട്ടുമിക്ക നേതാക്കളും മുൻപോട്ട് വെച്ചിട്ടുണ്ട്. പദവിയില്‍ കടിച്ച് തൂങ്ങാനില്ലെന്ന സൂചന സുധാകരനും നൽകുന്നു. സുധാകരനെ കൂടി വിശ്വാസത്തിലെടുത്താകും നേതൃമാറ്റത്തിലെ അന്തിമ തീരുമാനം. പ്രഖ്യാപനത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി കെ സുധാകരനുമായി സംസാരിച്ചേക്കും. സുധാകരന് പകരം ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
കൊടിക്കുന്നില്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ വന്നിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിലവില്‍ ഈഴവ പ്രാതിനിധ്യമായതിനാല്‍ ഇനി ക്രിസ്ത്യന്‍ സമുദായംഗത്തിന് അവസരം നല്‍കാനാണ് നീക്കമെന്നും സൂചനയുണ്ട്. ഇതിനിടെ രാഷ്ട്രീയ കാര്യ സമിതിയിൽ എതിർപ്പുയർന്നെങ്കിലും വി.ഡി സതീശൻ്റെ പ്ലാൻ 63 നിർദ്ദേശത്തെ തള്ളേണ്ടെന്നാണ് ഐ സി സി നിലപാട്. കോൺഗ്രസിന് ജയിക്കാവുന്ന ഫോർമുലയെന്ന രീതിയിൽ ചർച്ചയായ സതീശന്റെ പ്ലാനിനെ തള്ളുന്നത് ചോദ്യം ചെയ്യപ്പെടാം. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരമാവധി പരിഹരിച്ച് നടപടികൾ പൂർത്തിയാക്കാനാണ് എ ഐ സി സി യുടെ ശ്രമം.