തിരുവനന്തപുരം: യുഡിഎഫിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച. അതേസമയം കെപിസിസി രാഷ്ട്രീയ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സണ്ണി ജോസഫ് അധ്യക്ഷനായ ശേഷം ചേരുന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണിത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം പാർട്ടി പുനഃസംഘടനയും ചർച്ച ചെയ്യും. താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നല്‍കിയില്ല. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു പറയുന്നതെന്നും ചെന്നത്തല പ്രതികരിച്ചിരുന്നു.