ഡല്‍ഹി : കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ കേസെടുക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആരും നിയമത്തിന് അതീതരല്ല. നിയമവാഴ്ചയാണ് പരമാധികാരി. കോടതി തീരുമാനം ഉടന്‍ ഡല്‍ഹി പോലീസ് കമ്മിഷണറെ അറിയിക്കാന്‍ നിര്‍ദേശം.
ഭരണനേതൃത്വം ചുമതല മറക്കുമ്പോള്‍ ഇടപെടാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കേണ്ടത് കോടതികളുടെ ഭരണഘടനാചുമതലയെന്നും ജസ്റ്റിസ് എസ്.മുരളീധര്‍. ഡല്‍ഹി പോലീസിലെ സ്ഥിതി അങ്ങേയറ്റം വേദനാജനകമെന്ന് ഹൈക്കോടതി. നഗരം കത്തുകയാണ്, പോലീസ് ആരെയാണ് കാത്തിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഡല്‍ഹി കലാപത്തിന്റെ ഇരകള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിന് ആംബുലന്‍സുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.
കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്കും പോലീസ് സുരക്ഷ നല്‍കണം. കലാപബാധിതരെ താമസിപ്പിക്കാന്‍ എല്ലാം അടിസ്ഥാന സൗകര്യങ്ങളുമുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാത്രികാല മജിസ്ട്രേറ്റിനെ നിയോഗിക്കും. ലീഗല്‍ സര്‍വീസ് അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അഭിഭാഷകയായ സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.