കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. റോഡുകള്‍ മരണക്കെണി ആയിരിക്കുകയാണെന്നും നിയമവാഴ്ച് ഇല്ലാതായെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകള്‍ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കണ്ട കോടതിയുടെ ഭാഗത്ത് നിന്ന് അതി രൂക്ഷമായ പരാമര്‍ശങ്ങള്‍ ആണ് ഉണ്ടായത്. സ്വകാര്യ ബസുകാര്‍ക്ക് റോഡില്‍ എന്തും ചെയ്യാമെന്നുള്ള മനോഭാവം ഉണ്ട്. കോടതിയെയും പൊലീസിനെയും നിയമവ്യവസ്ഥയെയും പേടിയില്ലാതെ മദയാനയെപോലെ റോഡില്‍ ജീവനെടുക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ഇതൊന്നും കാണാതെ അധികൃതര്‍ ഉറങ്ങുകയാണോ എന്നും വിമര്‍ശിച്ചു.
സമയക്രമം പാലിക്കണം എന്ന ന്യായമാണ് സ്വകാര്യ ബസ്സിലുള്ളവര്‍ എപ്പോഴും പറയുന്നത്. മുന്‍പില്‍ പോയ ബസിനെ നടപ്പാതയിലേക്ക് കയറി അതിവേഗത്തില്‍ മറ്റൊരു ബസ് ഓവര്‍ടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇനി ഇവരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു.































