കൊച്ചി : സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാന്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തി.
ഹര്‍ത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 5.20 കോടിരൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്‍റെതാണ് ഉത്തരവ്. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കേസുകളിലെല്ലാം ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പിഴത്തുക ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം. സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സി.ക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. വൈവിധ്യമാര്‍ന്ന സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിനും ജനറല്‍ സെക്രട്ടറിക്കും ഹര്‍ത്താല്‍ദിനത്തിലെ അക്രമങ്ങളില്‍ പങ്കില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.