കൊച്ചി: വയനാട് കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താത്തതിന് കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതിൽ കൃത്യമായ മറുപടി നൽകാത്തതിലാണ് വിമർശം. കേന്ദ്രസർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണോ എന്ന് കോടതി ചോദിച്ചു. വലിയ സമ്മർദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് 520 കോടി രൂപയുടെ സഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട് 16 പദ്ധതികൾക്കാണ് പണം ചെലവഴിക്കാൻ തീരുമാനിച്ചത്. പണം മാർച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു വ്യവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയത്.
ഈ തുക മാർച്ച് 31-നകം പുനരധിവാസം നടത്തുന്ന ഏജൻസികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാൽ മതിയോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഡിസംബർ 31- വരെ സമയം നീട്ടി എന്നാണ് കേന്ദ്രം കോടതിയിൽ വിശദീകരിച്ചത്. ഈ തുക പുനരധിവാസം നടത്തുന്ന ഏജൻസികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാൽ മതിയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അതോടെയാണ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചത്.
നിങ്ങൾക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തിൽ ചോദിച്ചു. കൃത്യമായ ഉത്തരം നൽകാൻ ഡൽഹിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ അടുത്ത വിമാനത്തിൽ അവരെ കൊച്ചിയിൽ എത്തിക്കാൻ അറിയാമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുതെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം ഇക്കാര്യത്തിൽ വ്യക്ത വരുത്തണമെന്നതാണ് ഹൈക്കോടതി കേന്ദ്രത്തിന് നൽകിയിരിക്കുന്ന നിർദേശം.