ദില്ലി : മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു. കേരള-കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാര്‍ശ കീഴ്വഴക്കം ലംഘിച്ചാണ് രണ്ടാമതും കേന്ദ്രം മടക്കിയത്.
കേരളവും കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. ഇതിൽ 12 പേരുകൾ 2019 ജൂലായ് മാസത്തിൽ നൽകിയതായിരുന്നു. തീരുമാനം രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷമാണ് പേരുകൾ പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിലപാട്.
കേരള ഹൈക്കോടതിയിലേക്ക് കെ.കെ.പോളിനെ നിയമിക്കാനുള്ള ശുപാർശ ഇത് രണ്ടാം തവണയാണ് നിരസിക്കുന്നത്. ഒരിക്കൽ മടക്കിയ പേര് കൊളിജയം രണ്ടാമതും അയച്ചാൽ അത് അംഗീകരിക്കണം എന്നതാണ് കീഴ്വഴക്കം. ആ കീഴ്വഴക്കം കൂടിയാണ് കേന്ദ്രം തെറ്റിച്ചത്. ഇതോടെ കോടതി ഉത്തരവിലൂടെ ജഡ്ജിമാരെ നിയമിക്കണമെന്ന നീക്കത്തിലേക്ക് സുപ്രീംകോടതി പോകാനുള്ള സാധ്യതയും തള്ളാനാകില്ല.