കൊച്ചി : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനു ഹെെക്കോടതിയില്‍ നിന്നു തിരിച്ചടി. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഹെെക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
കേസ് നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തു.
പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമര്‍പ്പിച്ച ഹര്‍ജി കോട്ടയം സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹെെക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കൃത്യമായ തെളിവുകളൊന്നും ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം.
അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പോലീസ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.
2018 ജൂണിലാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.