കൊച്ചി : ദുരുദ്ദേശങ്ങളില്ലാതെ സത്യം പുറത്തുകൊണ്ടുവരാനായി നടത്തുന്ന സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് ലഭിച്ച വിവരം ശരിയാണെന്ന് സ്റ്റിങ് ഓപ്പറേഷനിലൂടെ സമർത്ഥിക്കാനാണ് ശ്രമിച്ചതെന്ന് വിലയിരുത്തി മാതൃഭൂമി ന്യൂസ് ചാനലിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് ഐറ്റം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ് എടുത്തത്.
ഈ കേസ് നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മൈനിങ് പാസ് നല്കാന്‍ കൈക്കൂലി വാങ്ങുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനെ സമീപിക്കുകയായിരുന്നെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നത് റെക്കോര്‍ഡ് ചെയ്ത് ചാനലില്‍ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. ദുരുദ്ദേശ്യമോ പരാതിക്കാരനെതിരെ മുന്‍ വൈരാഗ്യമോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.