കൊച്ചി : ലോക്ക് ഡൗണ്‍ കാലത്ത് മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ ചികിത്സയുടെ ഭാഗമായി മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവും മദ്യം വെബ്‌കോ ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്നുമുള്ള വെബ്‌കോ എം.ഡിയുടെ ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍ പ്രതാപന്‍ എം.പി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഹര്‍ജി നല്‍കിയിരുന്നു.
മദ്യാസക്തിയുള്ള ആളുകള്‍ക്ക് ചികിത്സ നല്‍കാന്‍ നിലവില്‍ സംവിധാനമുണ്ട്. അത് പ്രയോജനപ്പെടുത്തണം. മദ്യാസക്തിയുള്ള ആളുകളെ കണ്ടെത്താന്‍ വോളണ്ടിയര്‍മാരെ നിയോഗിക്കണം. ഇതിനുള്ള വോളണ്ടിയര്‍മാരെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. മദ്യാസക്തിയുള്ളവരെ വിമുക്തി കേന്ദ്രത്തില്‍ എത്തിക്കുകയാണ് വേണ്ടതെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. മദ്യസക്തിയുള്ളവരെ ചികിത്സിക്കുകയാണ് വേണ്ടത്. അതിനുള്ള മരുന്നും ചികിത്സ സംവിധാനവും സംസ്ഥാനത്തുണ്ടെന്ന് കെ.ജി.എം.ഒ.എ സത്യവാങ്മൂലം നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം മദ്യത്തിന് കുറിപ്പടി നല്‍കുന്നത് ഡോക്ടറുടെ വിവേചനമാണെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യത ഇല്ലാതെ വന്നതോടെ ആത്മഹത്യകള്‍ പെരുകുന്നത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പടി വേണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന് തന്നെ തിരിച്ചടിയായത്. മദ്യാസക്തിയുള്ള ആളാണെന്ന ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ എക്‌സൈസ് ഓഫീസില്‍ സമീപിച്ചാല്‍ പാസ് നല്‍കുമെന്നും അതുമായി വെബ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങാമെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഡോക്ടറുടെ പാസുമായി വരുന്നവര്‍ക്ക് മദ്യം ആഴ്ചയില്‍ മൂന്നു ലിറ്റര്‍ വരെ വീടുകളില്‍ എത്തിച്ചുനല്‍കാമെന്നും അതിന് 100 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുമാണ് വെബ്‌കോ എം.ഡി ഉത്തരവിറക്കിയത്. ഇതുരണ്ടുമാണ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തത്.
യാതൊരു കാരണവശാലും മദ്യം നല്‍കാന്‍ പാടില്ലെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ എത്തിക്സ് പ്രകാരം രോഗത്തിന് മരുന്ന് നല്‍കാനേ പാടൂള്ളു. അല്ലാതെ മദ്യം കുറിച്ച് നല്‍കാന്‍ പാടില്ല. കേരള സര്‍ക്കാരിന്റെ ബുദ്ധിശൂന്യമായ നടപടിയാണ്. കൊറോണയ്‌ക്കെതിരെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മദ്യത്തിന് വേണ്ടി മദ്യപന്മാരെ അവരുടെ അടുക്കലേക്ക് വിടുന്ന സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള പെര്‍മിറ്റ് എക്സൈസ് നിര്‍ത്തിവച്ചു. കോടതി ഉത്തരവ് അംഗീകരിക്കുന്നതായി എക്സൈസസ് മന്ത്രിയും വ്യക്തമാക്കി.