കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നരഹത്യ കുറ്റം ഒഴിവാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
ശ്രീറാമിന് എതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകില്ല.
ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. സര്‍ക്കാര്‍ ഹര്‍ജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടര്‍നടപടി. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കില്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്താകും വിചാരണ നടക്കുക.