കൊച്ചി : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിൽ കര്‍ശനനിലപാടുമായി ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ആക്രമണങ്ങളില്‍ എഫ്ഐ ആർ റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യആശുപത്രികള്‍ കോടതിയെ അറിയിച്ചു. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന മനോഭാവമാണ് പൊലീസിന്റേതെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു.