തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകയോട് വാട്സാപ്പില്‍ അപമര്യാദയായി പ്രതികരിച്ച കെ.എസ്.ഐ.എന്‍.സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ പ്രശാന്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രശാന്ത് പരിഹാസരൂപേണ വാട്സാപ്പ് സ്റ്റിക്കറുകള്‍ മാത്രം ഉള്‍പ്പെടുത്തി നല്‍കിയ മറുപടികളാണ് മാധ്യമ പ്രവര്‍ത്തകയെ ഞെട്ടിച്ചത്. അപമര്യാദയായി അയച്ച സന്ദേശങ്ങളെപ്പറ്റി പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വേല വേണ്ടെന്നായിരുന്നു എന്‍ പ്രശാന്ത് ഐഎഎസിന്റെ മറുപടി.
പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണം ചോദിക്കാനാണ് മാതൃഭൂമി ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തക ഫെബ്രുവരിയില്‍ പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. മാന്യമായി താന്‍ അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ക്ക് പ്രശാന്ത് അപമര്യാദയായി മറുപടി നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം മാധ്യമപ്രവര്‍ത്തക പുറത്തുവിടുകയും ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ഒരു വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.
ഇതില്‍ പ്രകോപിതയായ മാധ്യമപ്രവര്‍ത്തക എന്തുതരത്തിലുള്ള മറുപടിയാണിത് എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ ചിത്രം പ്രശാന്ത് അയച്ചു. ഇത്തരം തരംതാഴ്ന്ന പ്രതികരണം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അധികാരികളോട് പരാതിപ്പെടുമെന്നും മാധ്യമപ്രവര്‍ത്തക പ്രശാന്തിനോട് പറഞ്ഞു. ഇനി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഇതിനോട് വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന രീതി കൊള്ളാം എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
മാധ്യമ പ്രവര്‍ത്തകരെ തോട്ടിപ്പണിയെടുക്കുന്നവരുമായി താരതമ്യം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനുമില്ലെന്നും പ്രശാന്ത് പറയുന്നു.വാട്സ് ആപ്പ് ചാറ്റിന്റെ പേരില്‍ വിവാദം മുറുകിയപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ ലക്ഷ്മി പ്രശാന്ത് എത്തിയിരുന്നു. പ്രശാന്തല്ല താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയത് എന്നായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.
പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ തന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ചാറ്റിന് മറുപടി ഇട്ടത് താനാണെന്നും അവര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക വിഡിയോ കോളിനു ശ്രമിച്ചെന്നും വിമര്‍ശനമുണ്ട്. പത്രത്തില്‍ അച്ചടിച്ചു വന്ന സ്‌ക്രീന്‍ ഷോട്ടില്‍ മാധ്യമ പ്രവര്‍ത്തക വിഡിയോ കോള്‍ വിളിച്ചത് എഡിറ്റ് ചെയ്തു മാറ്റിയെന്നും ലക്ഷ്മി ആരോപിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ തന്നെ കെഎസ്‌ഐഎന്‍സിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തിമായിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനായിരുന്നു എംഡി എന്‍.പ്രശാന്ത് തുടക്കം മുതല്‍ ശ്രമിച്ചിരുന്നത്. മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐയുടെ കണ്ടെത്തലിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മത്സ്യ ബന്ധന കരാര്‍ നീക്കമെന്നായിരുന്നു വാദം.