കൊച്ചി : ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ ഹൈക്കോടതി അന്വേഷണം തുടങ്ങി. ഐടി ടീമിന്റെ നിയമനത്തിലെ നടപടി ക്രമങ്ങളും പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിയമനത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഹൈലെവല്‍ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നതില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിശദമായ വസ്തുതാവിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് താത്കാലിക ഐടി ടീം മതിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വേണ്ടെന്നും നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎസിയെ ഒഴിവാക്കി പുതിയ സമിതിയെ നിയമിക്കാമെന്ന നിര്‍ദേശം സര്‍ക്കാരാണ് മുന്നോട്ടുവെച്ചത്. ഈ ടീമിലെ അംഗങ്ങളെ താത്കാലികമായി നിയമിച്ചാല്‍ മതിയെന്ന് എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ശുപാര്‍ശ ചെയ്തു. തസ്തിക അടക്കം സൃഷ്ടിച്ച് തുടര്‍നടപടി സ്വീകരിച്ചത് സര്‍ക്കാരാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.