ബംഗളൂരു: കർണാടകത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. ബംഗളൂരുവിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കലബുറഗിയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം എന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരുവിൽ തണുത്ത കാലാവസ്ഥയിലേക്ക് മാറേണ്ട സമയത്ത് വലിയ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കേരളവും കനത്ത ചൂടിൽ വലയുകയാണ്. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെ എസ് ഇ ബി കണക്കുകൂട്ടിയത് 800 മെഗാ വാട്ട് വരെ വർധനയാണ്.































