ദില്ലി: ഹൈബോക്സ് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസിൽ നടി റിയ ചക്രബർത്തിക്ക് സ്പെഷ്യൽ നോട്ടീസ് അയച്ച് ദില്ലി പോലീസ്. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു. ഓൺലൈൻ ആപ്പായ ഹൈബോക്സിലൂടെ വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ ശിവറാമാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 18 കോടി രൂപയും കണ്ടെത്തിയിരുന്നു.
ആപ്പിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പോലീസ് നോട്ടീസ് നൽകി. പ്രശസ്ത വ്ളോഗര്‍മാരായ ഇൽവിഷ് യാദവ്, അഭിശേക് മൽഹാൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് നോട്ടീസ്. ആപ്പ് വഴിയുള്ള ദൂരൂഹമായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോൺ പേ അടക്കം പേയ്മെന്റ് ആപ്പുകളും നീരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം അഞ്ചൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് വിലയിരുത്തൽ. നാനൂറിലേറെ പരാതികൾ ഇതിനോടകം ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ട്.