കൊച്ചി: സോഷ്യല്‍ മീഡിയ മാനിയയുടെ കാലഘട്ടത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ശരിയായ നിയമനിര്‍മാണം വേണമെന്ന് ഹൈക്കോടതി. നിയമനിര്‍മാണസഭ ഗൗരവമായി ഈ വിഷയം പരിശോധിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് ദിനംപ്രതി തുടരുകയാണ്. ഫേസ്ബുക്കിലിടുന്ന ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കും പോസ്റ്ററുകള്‍ക്കും കൃത്യമായ ശിക്ഷയില്ല. നിയമനിര്‍മ്മാണസഭ ഇത് പരിശോധിക്കണം. പ്രത്യേകിച്ചും സാങ്കേതികവിദ്യയുടെയും സോഷ്യല്‍ മീഡിയ മാനിയയുടെയും ഈ പുതിയ യുഗത്തില്‍ നിയമനിര്‍മാണം ആവശ്യമാണ്.
ഒരു പ്രതിഷേധത്തിനിടെ എതിരാളികള്‍ പ്രദര്‍ശിപ്പിച്ച ബാനറില്‍ കൃത്രിമം കാണിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് പുരോഹിതനെതിരെ ആരംഭിച്ച നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണങ്ങള്‍. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 120(ഒ) പ്രകാരമാണ് പുരോഹിതനെതിരെ കേസെടുത്തിരിക്കുന്നത്. പോസ്റ്ററില്‍ കൃത്രിമം കാട്ടി ഒരു ഗ്രൂപ്പില്‍ പോസ്റ്റുചെയ്‌തെന്നാണ് പരാതി. എന്നാല്‍ പോസ്റ്ററില്‍ എഴുതി ചേര്‍ത്ത വാക്ക് അപകീര്‍ത്തികരമല്ലെന്നും കോടതി കണ്ടെത്തി. ‘ഫേസ്ബുക്ക് പോസ്റ്റും പരാതിയും അന്തിമ റിപ്പോര്‍ട്ടും പരിശോധിച്ചതിന് ശേഷം, ഇത് 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 120 (ഒ) യുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കി, കോടതി കേസിലെ നടപടികള്‍ റദ്ദാക്കി.