കൊച്ചി: ക്ഷേമ പെന്‍ഷന്‍ അക്ഷയകേന്ദ്രം വഴിയുള്ള മസ്റ്ററിങ് ഹൈക്കോടതി വിലക്കി. ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാര്‍ച്ച് 28ലെ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 27 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താന്‍ അനുവദിക്കണമെന്നും ഓപ്പണ്‍ പോര്‍ട്ടല്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം മെയ് 2ന് വീണ്ടും പരിഗണിക്കും.